സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, ആശങ്ക

  • 15/01/2022

തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഐ ബി സതീഷ് എംഎൽഎ, ഇ ജി മോഹനൻ എന്നിവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ്  വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ പൊതുയോഗങ്ങളും ഒത്തുചേരലുകളും കളക്ടർ നിരോധിച്ചിരുന്നു. എന്നാൽ സിപിഎം ജില്ലാ സമ്മേളനത്തിൻറെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം തുടരുകയാണ്. നാളത്തെ പൊതുസമ്മേളനം മാത്രമാണ് ഓൺലൈനാക്കിയത്. 

ജില്ലാ സമ്മേളനത്തിൽ മന്ത്രി ഓഫീസുകൾക്ക് എതിരെയും മന്ത്രിമാർക്ക് എതിരെയും രൂക്ഷ വിമർശനമാണ് പ്രതിനിധികൾ ഉയർത്തിയത്. മന്ത്രി ഓഫീസുകൾക്കെതിരെ വി കെ പ്രശാന്ത് എംഎൽഎയാണ് വിമർശനം ഉയർത്തിയത്. മന്ത്രി ഓഫീസുകൾക്ക് വേഗം പോരാ. പല കാര്യങ്ങളും വൈകുന്നു തുടങ്ങിയ വിമർശനങ്ങളാണ് പാളയം ഏരിയ കമ്മിറ്റിയുടെ ഭാഗമായി വി കെ പ്രശാന്ത് എംഎൽഎ ഉന്നയിച്ചത്.

ആരോഗ്യ, വ്യവസായ മന്ത്രിമാർക്കെതിരെ വളരെ ഗൗരവതരമായ വിമർശനമാണ് കോവളം ഏരിയ കമ്മിറ്റി ഉന്നയിച്ചത്. ആരോഗ്യമന്ത്രി വീണ ജോർജിൻറെ ഓഫീസിൽ പാവങ്ങൾക്ക് കയറാൻ കഴിയുന്നില്ലെന്നായിരുന്നു വിമർശനം. സാധാരണ കുടുംബങ്ങളിൽ നിന്ന് വരുന്ന സ്ത്രീകളെ അപവാദം പറഞ്ഞ് തളർത്തുകയാണെന്ന് കിളിമാനൂർ ഏര്യാ കമ്മിറ്റിയിൽ നിന്നും വിമർശനം ഉയർന്നു. നേതാക്കൻമാരുടെ വീടുകളിൽ നിന്ന് സ്ത്രീകളെ വിടുന്നില്ലെന്നും വനിതാ പ്രതിനിധി ആരോപിച്ചു.

Related News