20 പാമ്പുകൾ, ആമകൾ, കുരങ്ങ്; വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്‍റെ പെട്ടി തുറന്നപ്പോള്‍ ഞെട്ടി ഉദ്യോഗസ്ഥര്‍!

  • 14/08/2022

ചെന്നൈ: ബാങ്കോക്കില്‍നിന്നു ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ യാത്രക്കാരന്‍റെ ലഗേജില്‍ കണ്ടെത്തിയത് ജീവനുള്ള പാമ്പുകളും കുരങ്ങും ആമയും‍! 20 വിഷരഹിത പാമ്പുകൾ, രണ്ട് ആമകൾ, ഒരു ചെറുകുരങ്ങ് അടക്കം 23 ചെറു ജീവികളെയാണ് കണ്ടെത്തിയത്. 

തായ് എയർലൈൻസിൽ വന്നിറങ്ങിയ മുഹമ്മദ് ഷക്കീൽ എന്ന തമിഴ്നാട് രാമനാഥപുരം സ്വദേശിയുടെ ബാഗിൽ നിന്നാണ് ഇവയെ പിടികൂടിയത്. പാഴ്‌സല്‍ അനങ്ങുന്നത് കണ്ടപ്പോഴായിരുന്നു പരിശോധന നടത്തിയത്. ആദ്യത്തെ പാക്കേജില്‍നിന്ന് പുറത്തുചാടിയത് ആഫ്രിക്കയില്‍ മാത്രം കാണുന്ന ഡി ബ്രാസ കുരങ്ങ്. ചോക്ലേറ്റുകള്‍ നിറച്ച പെട്ടിയിലാണ് കുരങ്ങിനെ അടച്ചിരുന്നത്.

അടുത്ത പെട്ടി തുറന്നപ്പോള്‍ 15 രാജവെമ്പാലകള്‍. മറ്റൊരു പെട്ടിയില്‍ അഞ്ച് പെരുമ്പാമ്പുകള്‍. അവസാനത്തെ ബാഗില്‍ അധികം വലുപ്പമില്ലാത്ത രണ്ട് അള്‍ഡാബ്ര ആമകള്‍ എന്നിവയെയും കണ്ടെത്തി.  തായ്‍ലൻഡിൽ ഇവയെ കൈവശം വയ്ക്കുന്നതും വ്യാപാരവും അനുവദനീയമാണെങ്കിലും ഇന്ത്യയിലിത് നിയമവിരുദ്ധമാണ്. 

മുഹമ്മദ് ഷക്കീൽ എന്തിനാണ് ഇവയെ കൊണ്ടുവന്നത് എന്ന് വ്യക്തമല്ല. ജീവികളെ തായ്‍ലൻഡിലേക്ക് തിരിച്ചയക്കാനും അതിനുള്ള ചെലവ് ഇദ്ദേഹത്തിൽ നിന്ന് ഈടാക്കാനും സെൻട്രൽ ഫോറസ്റ്റ് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ തീരുമാനിച്ചു.

 

Related News