കള്ളപ്പണം വെളുപ്പിക്കൽ ഇടപാടുകൾ; കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികൾ നിരീക്ഷണത്തിൽ

  • 01/07/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ എക്‌സ്‌ചേഞ്ച് കമ്പനികൾ വഴിയുള്ള കള്ളപ്പണം വെളുപ്പിക്കൽ സൂക്ഷ്മപരിശോധനയ്‌ക്ക് വിധേയമാക്കി അധികൃതർ. അവരുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള നല്ല വശങ്ങളും പരിശോധനകളിൽ കണ്ടെത്തിയിട്ടുണ്ട്. 2023ലെ ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ റിപ്പോർട്ട് പ്രകാരം, കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളുടെ 2,241 നോട്ടിഫിക്കേഷനുകളാണ് ലഭിച്ചത്. ഇതിൽ മൊത്തം നോട്ടിഫിക്കേഷനുകളുടെ 29 ശതമാനം, അതായത് 640 എണ്ണത്തിൽ സംശയനിഴലിലുള്ളത് എക്സ്ചേഞ്ച് കമ്പനികളാണ്. 

നിയമവിരുദ്ധമായ സാമ്പത്തിക പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ ഈ കമ്പനികളുടെ പങ്ക് സംബന്ധിച്ച ആശങ്കയാണ് ഈ കണക്കുകൾ ഉയർത്തുന്നത്. 2023 ഡിസംബറിൽ രണ്ട് പ്രവാസി പണമിടപാടുകാരെ തടവിലാക്കാനും അവർക്ക് 60 മില്യൺ ദിനാർ പിഴ ചുമത്താനുമുള്ള കാസേഷൻ കോടതിയുടെ വിധി സാഹചര്യത്തിൻ്റെ ഗൗരവവും ഈ വിഷയത്തെ സങ്കീർണമാക്കുന്നുണ്ട്. കുവൈത്തിലെ എക്സ്ചേഞ്ച് കമ്പനികൾ സെൻട്രൽ ബാങ്കിൻ്റെ കർശനമായ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നാണ് ഫെഡറേഷൻ ഓഫ് എക്സ്ചേഞ്ച് കമ്പനികളുടെ തലവൻ അബ്ദുള്ള നജീബ് അൽ മുല്ല വിശദീകരിച്ചത്.

Related News