കുവൈത്തിൽ 750ലധികം റെസിഡൻസി നിയമലംഘകർ അറസ്റ്റിൽ; പിടികൂടാനുള്ളത് 80000ൽ അധികം പേർ

  • 02/07/2024


കുവൈത്ത് സിറ്റി: ബ്‌നീദ് അൽ ഗാർ, ജലീബ് അൽ ഷുവൈഖ്, അൽ മുത്‌ല തുടങ്ങിയ നിരവധി മേഖലകളിൽ ശക്തമായ സുരക്ഷ ക്യാമ്പയിനുമായി അധികൃതർ. ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അൽ സബാഹിൻ്റെ നിർദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് സലേം നവാഫ് അൽ അഹമ്മദ് അൽ സബാഹിൻ്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. രാജ്യം വിടുന്നതിനോ റെസിഡൻസി സ്റ്റാറ്റസിൽ ഭേദഗതി വരുത്തുന്നതിനോ അനുവദിച്ചിട്ടുള്ള ഗ്രേസ് പിരീഡ് ജൂൺ 30ന് അവസാനിച്ച സാഹചര്യത്തിലാണ് മന്ത്രാലയം നടപടികൾ വേ​ഗത്തിലാക്കിയത്.

ഫർവാനിയയിൽ ഉൾപ്പെടെ നടന്ന പരിശോധനകളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 750-ലധികം നിയമലംഘകരെ അറസ്റ്റ് ചെയ്തു. അവരിൽ ഭൂരിഭാഗവും ഒളിവിൽ കഴിയുന്ന കേസുകളായിരുന്നു. 30 വർഷത്തോളമായി റെസിഡൻസി നിയമലംഘകരായി കുവൈത്തിൽ താമസിച്ചവർ വരെ ഈ കൂട്ടത്തിൽ പെടും, പൊതുമാപ്പിന് ശേഷം 80000 പേർ നിയമ ലംഘകരായി കുവൈത്തിൽ തുടരുന്നുണ്ട് , ഇവരെ മുഴുവൻ പേരെയും പിടികൂടാനുള്ള കഠിന ശ്രമത്തിലാണ് ആഭ്യന്തര മന്ത്രാലയം. പിടികൂടിയവരെ നാടുകടത്തുന്നതിന് ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു. അനുവദിച്ച ഗ്രേസ് പിരീഡിനുള്ളിൽ തങ്ങളുടെ റെസിഡൻസി സ്റ്റാറ്റസിൽ മാറ്റം വരുത്താത്ത നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കാനാണ് ഷെയ്ഖ് ഫഹദ് അൽ യൂസഫിൻ്റെ നിർദേശമെന്ന് അധികൃതർ വ്യക്തമാക്കി.

Related News