കുവൈത്തിലെ പ്രമേഹം മൂലമുള്ള മരണനിരക്ക് ഉയരുന്നു; ആഗോള ശരാശരിയെയും മറികടന്നു

  • 03/07/2024


കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമേഹം മൂലമുള്ള മരണനിരക്ക് ആഗോള ശരാശരിയെ മറികടന്നതായി റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ശരാശരി മൂന്ന് ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ കുവൈത്തിൽ ഇത് ഏഴ് ശതമാനത്തിലെത്തി. ഓഡിറ്റ് ബ്യൂറോയുടെ പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്യൂറോയുടെ പെർഫോമൻസ് കൺട്രോൾ ഡിപ്പാർട്ട്‌മെൻ്റിൻ്റെ വാർഷിക റിപ്പോർട്ടിൽ കുവൈത്തിൽ പ്രമേഹം വ്യാപിക്കുന്നത് തടയുന്നതിൽ ബന്ധപ്പെട്ട അധികൃതരുടെ കാര്യക്ഷമതയും ഫലപ്രാപ്തിയുമാണ് വിലയിരുത്തുന്നത്.

പ്രമേഹ മരണനിരക്കിൽ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ് കുവൈത്ത്. എട്ട് ശതമാനം മരണ നിരക്കുമായി ഒമാൻ മുന്നിലും കുവൈത്ത് ഏഴ് ശതമാനവുമായി രണ്ടാം സ്ഥാനത്തുമാണ്. ഖത്തർ ആറ് ശതമാനം, യുഎഇ അഞ്ച് ശതമാനം, സൗദി അറേബ്യ മൂന്ന് ശതമാനം, ബഹ്‌റൈൻ രണ്ട് ശതമാനം എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്. 2017നെ അപേക്ഷിച്ച് 2021ൽ പ്രമേഹവുമായി ബന്ധപ്പെട്ട മരണങ്ങളിൽ 35 ശതമാനം വർധനവ് ഉണ്ടായി. മരണങ്ങളിൽ ഭൂരിഭാഗവും 60 മുതൽ 85 വയസും അതിൽ കൂടുതലും പ്രായമുള്ളവർക്ക് ഇടയിലാണ്.

Related News