പെരിയ കേസ്: സി.ബി.ഐ കുറ്റപത്രം നല്‍കി; സി.പി.എം മുന്‍ എം.എല്‍.എ അടക്കം 24 പ്രതികള്‍

  • 03/12/2021

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊല കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് ഒന്നാം പ്രതി. ഉദുമ മുന്‍ എം.എല്‍.എ കെ.വി കുഞ്ഞിരാമന്‍ ഉള്‍പ്പെടെ 24 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍, സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്താന്‍ കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറയുന്നു.
            പെരിയ ഇരട്ട കൊലപാതക കേസില്‍ നാളെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം നിലനില്‍ക്കേയാണ് സി.ബി.ഐയുടെ നടപടി. യുവാക്കള്‍ക്കിടയില്‍ ശരത് ലാലിനുണ്ടായിരുന്ന സ്വാധീനം അവസാനിപ്പിക്കാന്‍ സി.പി.എം പ്രാദേശിക നേതാക്കള്‍ തീരുമാനിച്ചിരുന്നു. സി.പി.എം പശ്ചാത്തമുള്ള കുടുംബത്തിലെ കൃപേഷ് ശരത്തിലാലിന്റെ അടുത്ത അനുയായി മാറിയതും സി.പി.എം നേതാക്കളെ അസ്വസ്ഥപ്പെടുത്തി. ശരത് ലാലും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ നിരവധി തവണ ഏറ്റുമുട്ടലുകളുണ്ടായിട്ടുണ്ട്. ഇതിനിടെയാണ് പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ ശരത് ലാല്‍ മര്‍ദ്ദിക്കുന്നത്. ഇതിന് ശേഷം കൊലപാതക ഗൂഡാലോചന സി.പി.എം തുടങ്ങിയെന്ന് സി.ബി.ഐ പറയുന്നു.

Related News