ലഹരിക്ക് അടിമയായ മകനെ കഴുത്ത് ഞെരിച്ച് കൊന്നത് അമ്മ; കേസില്‍ നിര്‍ണായക വഴിത്തിരിവ്

  • 04/12/2021

തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്ത് മയക്കുമരുന്നിന് അടിമയായ മകനെ കഴുത്ത് ഞെരിച്ച് കൊന്നത് അമ്മയാണെന്ന്  തെളിഞ്ഞു. ഒരു വർഷത്തിന് ശേഷമാണ് അമ്മ നാദിറ (43) അറസ്റ്റിലായത്. ഒരു വർഷം മുമ്പ് ദുരൂഹ സാഹചര്യത്തിൽ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിദ്ദിഖ് (20) മരിച്ച കേസിലാണ് നിര്‍ണായക വഴിത്തിരിവുണ്ടായത്.  

20 കാരനായ സിദ്ദിഖിനെ കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങി മരണമാണെന്നായിരുന്നു സിദ്ദിഖിന്‍റെ അമ്മയും സഹോദരിയും പൊലീസിന് നല്‍കിയ മൊഴി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതക സാധ്യത ഫോറന്‍സിക് സര്‍ജന്‍മാര്‍ പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് സിദ്ദിഖിനെ അമ്മ നാദിറ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞത്. ദൃക്സാക്ഷികളില്ലാത്ത കേസ് ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിയിച്ചത്. 

നാദിറ വീട്ടുജോലിക്ക് പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മയക്കുമരുന്നിന് അടിമയായ സിദ്ദിഖ് അമ്മയെയും സഹോദരിയെയും നിരന്തരം മര്‍ദിക്കാറുണ്ടെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. സഹോദരിയെ മര്‍ദിക്കുന്നത് തടയുന്നതിനിടെ സംഭവിച്ച് പോയതാണെന്നാണ് അമ്മ നാദിറ പൊലീസിനോട് പറഞ്ഞത്. 

Related News