നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍റെ സ്ലാബ് തകര്‍ന്നു വീണ് തൊഴിലാളി മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

  • 05/12/2021

ആയഞ്ചേരി (കോഴിക്കോട്​): കോഴിക്കോട് വേളം കാക്കുനിയിൽ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍റെ കോൺക്രീറ്റ് സ്ലാബ് തകർന്ന് വീണ്​ നിര്‍മ്മാണ തൊഴിലാളി മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. തീക്കുനി തുവ്വമല സ്വദേശി നെല്ലിയുള്ള പറമ്പിൽ കണ്ണന്‍റെ മകൻ ഉണ്ണി എന്ന ജിതിൻ (24) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം ഉണ്ടായത്. കാക്കുനി മങ്ങാട്ട് കുന്ന് മലയിൽ കരീമിന്‍റെ വീട് പുതുക്കിപ്പണിയുന്നതിനിടയിലായിരുന്നു അപകടം. വീടിനോട് ചേർന്ന അടുക്കളയുടെ ഒന്നാം നിലയിൽ ഒന്നര മാസം മുമ്പ് കൂട്ടിച്ചേർത്ത് നിർമിച്ച കോൺക്രീറ്റ് സ്ലാബ് അടർന്നു വീഴുകയായിരുന്നു. അടുക്കളയുടെ മുകൾ ഭാഗം പുറംചുമർ സിമന്‍റ്​ തേക്കുന്നതിനിടെ മുകൾ ഭാഗത്ത് നിന്ന് സ്ലാബ് തകര്‍ന്ന്  താഴെ പണിയെടുക്കുകയായിരുന്ന ജിതിന്റെയും സുഹൃത്തുക്കളുടേയും മുകളിലേക്ക് വീഴുകയായിരുന്നു.

നാട്ടുകാരുടെയും അഗ്നി രക്ഷാ വിഭാഗത്തിന്‍റെയും ശ്രമഫലമായി സ്ലാബ് നീക്കി തൊഴിലാളികളെ പുറത്തെടുത്തു. തൊട്ടടുത്ത ആയഞ്ചേരിയിലെ സ്വകാര്യ ആശുപതിയിലെത്തിക്കുന്നിനിടെ ജിതിൻ മരണപ്പെട്ടു. മൃതദേഹം വടകര ഗവ.ജില്ലാ ആശുപതി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

പരിക്കേറ്റ അനന്തോത്ത് കണ്ണൻറെ മകൻ ബിജീഷ് (32), തരിപ്പയിൽ അശോകൻറെ മകൻ അജീഷ് (26),  മോടോമ്മൽ ചന്ദ്രന്‍റെ മകൻ വിഷ്ണു (26) എന്നിവരെ വടകര ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ട ജിതിൻ അവിവാഹിതനാണ്. മാതാവ്: ചന്ദ്രി. സഹോദരി: ജിൻസി. 

Related News