വൃദ്ധയെ കൊന്ന് കമ്മൽ മോഷ്ടിച്ച ശേഷം കിണറ്റിലിട്ടു; അയൽവാസി പിടിയിൽ

  • 10/12/2021

ആലപ്പുഴ: വൃദ്ധയെ കൊലപ്പെടുത്തി കിണറ്റിൽ തള്ളിയ കേസില്‍ അയൽക്കാരനായ പ്രതിയെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കരാഴ്മ വലിയ കുളങ്ങര ശവം മാന്തി പള്ളിക്ക് സമീപം ഒറ്റക്ക് താമസിച്ചിരുന്ന ചെന്നിത്തല കാരാഴ്മ കിഴക്കു ഇടയിലെ വീട്ടിൽ ഹരിദാസിന്റെ ഭാര്യ സരസമ്മ (85) യെ കൊലപ്പെടുത്തിയ കേസിലാണ് അയൽവാസിയായ ഇടിയിൽ വീട്ടിൽ രവീന്ദ്രൻ മകൻ രജീഷി(40) നെ അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 28ന് രാവിലെ സരസമ്മ ഒറ്റക്ക് താമസിച്ചിരുന്ന വീടിന്റെ മുൻവശത്തെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കുന്ന സമയം സരസമ്മയുടെ രണ്ട് കാതിലെയും കമ്മൽ പറിച്ചെടുത്തതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് സ്വാഭാവിക മരണം അല്ലെന്നും കൊലപാതകം ആണെന്നുമുള്ള പ്രാഥമിക നിഗമനത്തിലെത്തുന്നത്. പ്രാഥമിക അന്വേഷണ ഭാഗമായി ഡോഗ് സ്ക്വാഡും സയന്റിഫിക് എക്സ്പർടും സരസമ്മ താമസിച്ച വീട്ടിലും വീണു കിടന്ന കിണറിന്റെ പരിസരത്തും പരിശോധന നടത്തിയെങ്കിലും കൊലപാതകം നടത്തിയ ആളിലേക്ക് എത്താൻ ഉതകുന്ന യാതൊരു സാഹചര്യ തെളിവുകളും ലഭിച്ചില്ല. 

തുടർന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ജി. ജയ്ദേവ്. ഐ പി. എസിന്റെ നിർദ്ദേശാനുസരണം ചെങ്ങന്നൂർ ഡി വൈ എസ് പി. ആർ ജോസ്, നർക്കോട്ടിക് സെൽ ഡി വൈ എസ് പി. എം. കെ ബിനുകുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.  യാതൊരു തെളിവുകളും ഇല്ലാതിരുന്ന സാഹചര്യത്തിൽ പഴുതടച്ചുള്ള അന്വേഷണത്തിനൊടുവിലാണ് അയല്‍വാസിയാണ് പ്രതിയെന്ന് കണ്ടെത്തിയത്. 

സരസമ്മയുടെ ബന്ധുവായ രജീഷ് സുഹൃത്തായ ജയരാജനെ കൊണ്ട് കമ്മൽ ഒരു ജുവലറിയില്‍ വിറ്റതായി പൊലീസ് കണ്ടെത്തി. വിവാഹിതനായ രജീഷ് അമ്മയോടൊപ്പമാണ് താമസം. നഴ്സായ ഭാര്യ വിശാഖപട്ടണത്താണ് ജോലി ചെയ്യുന്നത്. കഴിഞ്ഞ ദീപാവലി ദിവസം പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ട്, സാരസമ്മയുടെ സഹോദരന്റെ വീട്ടുകാരുമായി വാക്കുതർക്കം ഉണ്ടായിരുന്നു. 28 ന് വെളുപ്പിന് ഒരു മണിയോടെ സരമ്മയുടെ സഹോദരന്റെ വീടിന്റെ പുറകുവശത്ത് എത്തിയ രതീഷിനെ വീടിന് പുറത്തിറങ്ങിയ സരസമ്മ കാണുകയും ബഹളം ഉണ്ടാക്കുകയും ചെയ്തു.

 സരസമ്മയുടെ ശബ്ദം കേട്ട് മറ്റുള്ളവർ ഇറങ്ങി വരാതിരിക്കാൻ അവരുടെ വായ് പൊത്തി പിടിച്ചതിനെ തുടർന്ന് സരസമ്മ മരിച്ചു. മരണം ഉറപ്പിക്കാനായി കൈലിയുടെ ഒരു ഭാഗം കീറി കഴുത്തിൽ മുറുക്കി. ശേഷം സരസമ്മയുടെ കാതിൽ ഉണ്ടായിരുന്ന കമ്മൽ ഇയാൾ വലിച്ചൂരി എടുത്തു. പിന്നീട് സരസമ്മ സ്ഥിരമായി വെള്ളം കോരുന്ന കിണറ്റിൽ യാദൃശ്ചികമായി വീണതാണെന്ന് തോന്നിപ്പിക്കാൻ സരസമ്മയെ എടുത്ത് കിണറ്റിലിടുകയായിരുന്നു. രജീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

Related News