മന്ത്രി റിയാസിനെതിരെ അധിക്ഷേപം; ഖേദം പ്രകടിപ്പിച്ച് സ്വാദിഖലി തങ്ങള്‍

  • 10/12/2021

മലപ്പുറം: മുസ്ലിം ലീഗ് വഖ്ഫ് സംരക്ഷണ റാലിക്കിടെ അബ്ദുറഹ്മാന്‍ കല്ലായി മന്ത്രി മുഹമ്മദ് റിയാസിനെതിരെ നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഖേദം പ്രകടപ്പിച്ച് ലീഗ് നേതൃത്വം.അധിക്ഷേപ പരാമര്‍ശത്തിനിരയായ ആളെ ഫോണില്‍ വിളിച്ച് ഖേദം പ്രകടിപ്പിച്ചതായി സ്വാദിഖലി തങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 
     ആരും രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്കതീതരല്ല. പക്ഷെ വ്യക്തിപരമായ വിമര്‍ശനങ്ങള്‍ ആരുടെ ഭാഗത്തു നിന്നായാലും തിരുത്തേണ്ടതുമാണ്.കോഴിക്കോട് നടന്ന പരിപാടിയില്‍ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ വന്നത് ന്യായീകരിക്കുന്നില്ല. അത്തരം പരാമര്‍ശങ്ങളില്‍ ഖേദമുണ്ട്. തിരുത്തേണ്ടതുണ്ട്. സ്വാദിഖലി തങ്ങള്‍ പറഞ്ഞു. 
        '' റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണ്. അത് പറയാനുള്ള നട്ടെല്ലുണ്ടാകണം. സ്വവര്‍ഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. അവരുടെ പ്രകടന പത്രികയില്‍ അതിനെക്കുറിച്ച് പറയുന്നുണ്ട്. ഉഭയകക്ഷി സമ്മതപ്രകാരം ലൈംഗിക സ്വാതന്ത്ര്യത്തിനുള്ള 'വിഡ്ഢിത്തം' സുപ്രീംകോടതി പ്രഖ്യാപിച്ചപ്പോള്‍ അതിനെ ആദ്യം സ്വാഗതം ചെയ്തത് ഡി.വൈ.എഫ.്‌ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവര്‍ ചിന്തിക്കണം'', എന്നീ പ്രസ്താവനകളാണ് അബ്ദുറഹ്മാന്‍ കല്ലായി നടത്തിയിരുന്നത്.

Related News