അമ്മയെയും പെങ്ങളെയും തിരിച്ചറിയണം; ലീഗിനെതിരെ പിണറായി

  • 12/12/2021

കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിയുടെ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അമ്മയെയും പെങ്ങളെയും തിരിച്ചറിയാനുള്ള സംസ്‌കാരമെങ്കിലും ലീഗ് നേതാവ് കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
           പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതു യോഗത്തിലായിരുന്നു പിണറായിയുടെ പ്രതികരണം. മുസ്ലിം ലീഗിന് എന്തിനാണ് ഇത്രയും വലിയ അസഹിഷ്ണുത? തന്റെ പിതാവിനെ പറയാന്‍ മാത്രം എന്ത് വികാരമാണ് ലീഗിനെ നയിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. വഖ്്ഫ് ബോര്‍ഡിന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് നിങ്ങള്‍ എന്തിനാണ് എന്റെ ഹൈസ്‌കൂള്‍ ജീവിതകാലത്ത് മരണപ്പെട്ടുപോയ ആ പാവപ്പെട്ട അച്ഛനെ പറയുന്നത്? ചെത്തുകാരന്റെ മകന്‍ എന്നു പറയുമ്പോള്‍ പിണറായി വിജയന്‍ എന്ന എനിക്ക് വല്ലാത്ത വിഷമമായി പോകുമെന്നാണോ നിങ്ങള്‍ കരുതുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.
            നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാനുള്ള തീരുമാനം വഖ്ഫ് ബോര്‍ഡിന്റെതാണ്. അവരുടെ തീരുമാനം അനുസരിച്ചാണ് നിയമം നടപ്പാക്കുന്നത്. അതില്‍ സര്‍ക്കാറിന് പ്രത്യേക വാശിയൊന്നുമില്ല. വിഷയം ചര്‍ച്ച ചെയ്യുന്നത് വരെ ഇപ്പോഴത്തെ സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News