രാവിലെ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ ഫോണില്‍ വിളിച്ചുവരുത്തി വെട്ടിപ്പരിക്കേല്‍പ്പിച്ചു, മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയില്‍

  • 14/01/2022

ബാലരാമപുരം: രാവിലെ വീട്ടിൽ ഉറങ്ങിക്കിടന്ന യുവാവിനെ ഫോണിൽ വിളിച്ചുവരുത്തി രണ്ടംഗ ഗുണ്ടാ സംഘം മാരകമായി വെട്ടിപ്പരുക്കേൽപ്പിച്ചു. എരുത്താവൂർ എം.എസ്.ഭവനിൽ ശ്രീക്കുട്ടനെ(23)യാണ് ഗുണ്ടകള്‍ വെട്ടിയത്. സംഭവത്തിൽ ബാലരാമപുരം പുത്രക്കാട് കാറാത്തല കുഴിവിള കുളത്തിൽ വീട്ടിൽ തൊത്തി രാജേഷ് എന്നു വിളിക്കുന്ന രാജേഷ്(31), തേമ്പാമുട്ടം ഇടക്കോണം കുളത്തിൽ വീട്ടിൽ കണ്ണൻ(29) എന്നിവരെ മണിക്കൂറുകൾക്കകം ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തു. 

ഇന്നലെ രാവിലെ 8.30ന് ബാലരാമപുരം–കാട്ടാക്കട റോഡിൽ തേമ്പാമുട്ടം ചാനൽപ്പാലത്തിന് സമീപമാണ് സംഭവം ഉണ്ടായത്. ഉച്ചയ്ക്ക് ഒരു മണിയോടെ ആട്ടറമൂലയ്ക്ക് സമീപം രാജേഷിന്റെ ബന്ധു വീടിന്റെ പരിസരത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. തലയ്ക്ക് പിന്നിലും വയറ്റിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. കണ്ണന്റെ ബൈക്കിലെത്തിയ രാജേഷാണ് കത്തികൊണ്ട് വെട്ടിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

രാവിലെ എട്ടുമണിയോടെ ബൈക്കിൽ രണ്ടു തവണ ശ്രീക്കുട്ടന്റെ വീട്ടിൽ രാജേഷും കണ്ണനും എത്തിയിരുന്നു. എന്നാൽ ഉറക്കമായതിനാൽ ഇവർ വിളിച്ചിട്ടും ശ്രീക്കുട്ടൻ പുറത്തേക്ക് ഇറങ്ങിയില്ല. തുടർന്ന് ഫോൺ കോൾ വരികയും മറ്റൊരു ബൈക്കിൽ കയറി ശ്രീക്കുട്ടൻ പുറത്തേക്ക് പോവുകയും ചെയ്തതായി വീട്ടുകാർ പറ‍ഞ്ഞു. 10 മിനിറ്റ് കഴിഞ്ഞപ്പോഴാണ് വെട്ടേറ്റ വിവരം അറിയുന്നത്. 

ഇന്നലെ രാത്രി എരുത്താവൂർ മലഞ്ചെരിവ് കേന്ദ്രീകരിച്ച് രണ്ടു സംഘങ്ങൾ ഏറ്റുമുട്ടിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പൊലീസ് സംഘം അവിടെ എത്തിയെങ്കിലും ആരെയും പിടികൂടാൻ കഴിഞ്ഞില്ല. ഇതിൽ ഉൾപ്പെട്ട സംഘമാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നഷ്ടപ്പെട്ട ഫോൺ തിരികെ തരാമെന്നു പറഞ്ഞ് വിളിച്ചാണ് ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.  രാജേഷ് ഏഴ് കേസുകളിലെ പ്രതിയാണ്. കണ്ണൻ നേരത്തെ കേസുകളിൽ ഉൾപ്പെട്ടിരുന്നു. 

Related News