ഓണ്‍ലൈനിലൂടെ സ്മാർട് വാച്ച് ഓഡര്‍ ചെയ്തു; ലഭിച്ചത് വെള്ളം നിറച്ച കോണ്ടം

  • 16/01/2022

കരുമാലൂർ: ഓണ്‍ലൈനിലൂടെ സ്മാര്‍ട്ട് വാച്ചിന് ഓഡര്‍ ചെയ്ത വ്യക്തിക്ക് ലഭിച്ചത് വെള്ളംനിറച്ച ഗര്‍ഭനിരോധന ഉറ. 2200 രൂപയുടെ സ്മാർട് വാച്ച് ഓർഡർ ചെയ്ത കരുമാലൂർ തട്ടാംപടി സ്വദേശിയും ഹോട്ടൽ ഉടമയുമായ അനിൽകുമാറാണ് വഞ്ചിക്കപ്പെട്ടത്. 

പണം നൽകിയ ശേഷം പാക്കിങ് അഴിച്ച് നോക്കിയപ്പോഴാണ് ഗർഭനിരോധന ഉറയിൽ വെള്ളം നിറച്ച് കെട്ടി വച്ചിരിക്കുന്നത് കണ്ടത്.  ഉടൻ കൊറിയർ കമ്പനി ജീവനക്കാരനെ പിടിച്ചു നിർത്തിയ ശേഷം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. രണ്ടു ദിവസം മുൻപാണു മകന് ഉപയോഗിക്കാൻ വേണ്ടി അനിൽകുമാർ പ്രത്യേക ഓഫർ വന്നപ്പോൾ പ്രമുഖ കമ്പനിയുടെ വാച്ച് ഓൺലൈനായി ഓർഡർ ചെയ്തത്. തുടർന്ന് ഓർഡർ ചെയ്ത വാച്ച് 17 നു ലഭിക്കുമെന്നു മൊബൈലിൽ അറിയിപ്പു വന്നെങ്കിലും 3 ദിവസം മുൻപേ എത്തി. 

പണം നൽകിയാൽ മാത്രമേ പാഴ്സൽ പൊട്ടിച്ചു നോക്കാൻ സാധിക്കുകയുള്ളൂവെന്നു കൊറിയർ കമ്പനി ജീവനക്കാരൻ പറഞ്ഞതോടെ സംശയം തോന്നിയാണ് ഉടൻതന്നെ തുറന്നു നോക്കിയതും തട്ടിപ്പു തിരിച്ചറിയുന്നതും. ഓൺലൈനിലൂടെ മുൻപും സാധനങ്ങൾ വാങ്ങിയിട്ടുണ്ടെങ്കിലും ഇത്തരം അനുഭവം ആദ്യമായാണെന്നു പൊലീസിനോടു പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് ഡെലിവറിക്ക് എത്തിയ കൊറിയർ സ്ഥലത്തിലെ ജീവനക്കാരെ സ്‌റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആലുവ വെസ്റ്റ് പൊലീസ് അറിയിച്ചു. 

Related News