കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വീണ്ടും നിയന്ത്രണ ലംഘനം: കന്നുപൂട്ട് മത്സരം സംഘടിപ്പിച്ച് സിപിഎം

  • 16/01/2022

പാലക്കാട്: കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ നിയന്ത്രണം ലംഘിച്ച് വീണ്ടും സിപിഎം. പാലക്കാട് ജില്ലയിലെ പൊൽപ്പുള്ളി അത്തിക്കോട് കന്നുപൂട്ട് മത്സരമാണ് സിപിഎം സംഘടിപ്പിച്ചത്. അന്തരിച്ച മുൻ ലോക്കൽ സെക്രട്ടറി ജി വേലായുധൻറെ സ്മരണാർഥമാണ് മത്സരം സംഘടിപ്പിച്ചത്. 200 ലേറെ പേർ പ്രദർശനം കാണാനെത്തിയിരുന്നു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പ്രദർശനം സംഘടിപ്പിച്ചതെന്നാണ് സിപിഎം വിശദീകരണം.

സിപിഎം പൊൽപ്പുള്ളി ലോക്കൽ സെക്രട്ടറിയായിരുന്ന ജി. വേലായുധൻറെ 17ാം ചരമവാർഷിക ദിനാചരണത്തിൻറെ ഭാഗമായാണ് കന്നുപൂട്ട് മത്സരം സംഘടിപ്പിച്ചത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 100 ഓളം ഉരുക്കൾ പ്രദർശനത്തിൽ പങ്കെടുത്തെന്ന് പൊൽപ്പുള്ളി ലോക്കൽ സെക്രട്ടറി വിനോദ് അറിയിച്ചു. 200നടുത്ത് നാട്ടുകാരും കാഴ്ചക്കാരായി ഉണ്ടായിരുന്നു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സമ്മേളനത്തോട് അനുബന്ധിച്ച് തിരുവാതിര സംഘടിപ്പിച്ചതും ഗാനമേള നടത്തിയതും വിവാദമായിരിക്കെയാണ് കന്നുപൂട്ട് മത്സരവും സംഘടിപ്പിച്ചത്. മലമ്പുഴ എംഎൽഎയായ എ പ്രഭാകരനാണ് മത്സരം ഉദ്ഘാടനം ചെയ്തത്. നേരത്തെ നിശ്ചയിച്ച പരിപാടിയാണെന്നും കൊവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രദർശനം സംഘടിപ്പിച്ചെന്നുമാണ് സിപിഎം വിശദീകരിക്കുന്നത്. പാലക്കാട് ജില്ലയിൽ 21 ശതമാനത്തിന് മുകളിലാണ് ടിപിആർ നിരക്ക്.

Related News