പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ ക്ഷാമം പരിഹരിക്കണം: പൂച്ചയുമായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ പൂച്ച മാന്തി

  • 17/01/2022

പാലക്കാട്: സർക്കാർ ആശുപത്രികളിൽ പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൂച്ചയുമായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോൺഗ്രസ് നേതാവിനെ പൂച്ച മാന്തി. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് സംഭവം. ആശുപത്രി സൂപ്രണ്ടിനെ ഉപരോധിക്കാൻ കാർഡ്ബോർഡ് പെട്ടിയിൽ പൂച്ചയുമായിട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തിയത്. 

എന്നാൽ, സൂപ്രണ്ടിനെ കാണാൻ പോകവെ പൂച്ച പെട്ടിയിൽ നിന്ന് നാടി. പൂച്ചയെ പിടിക്കാനുള്ള ശ്രമത്തിനിടെ നിയോജക മണ്ഡലം പ്രസിഡന്റ് കെ. സദ്ദാം ഹുസൈന്റെ കൈയിൽ പൂച്ച മാന്തി ഓടി രക്ഷപ്പെട്ടു. ആശുപത്രിയിൽ നിന്ന് പേവിഷ ബാധക്കെതിരെയുള്ള കുത്തിവെപ്പെടുത്താണ് നേതാവ് മടങ്ങിയത്.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ. സദ്ദാം ഹുസൈൻ, സംസ്ഥാന നിർവാഹക സമിതി അംഗം എം. പ്രശോഭ്, നഗരസഭാ അംഗങ്ങളായ അനുപമ നായർ, പി.എസ്. വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. വാക്സീൻ ക്ഷാമം പരിഹരിക്കാമെന്ന് സൂപ്രണ്ട് ഉറപ്പ് നൽകിയതിന് ശേഷമാണ് സമരക്കാർ മടങ്ങിയത്. 

സ്ഥലത്ത് പൊലീസുമെത്തിയിരുന്നു. സംസ്ഥാനത്തെ സർക്കാർ ഓഫിസുകളിൽ പേവിഷത്തിനെതിരെയുള്ള വാക്സീൻ ക്ഷാമം നേരിടുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷനിൽ നിന്നുള്ള വിതരണം വൈകുന്നതാണ് ക്ഷാമത്തിന് കാരണമെന്നും പ്രശ്നം ഉടൻ പരിഹരിക്കുമെന്നും സൂപ്രണ്ട് സമരക്കാരെ അറിയിച്ചു.

Related News