കോട്ടയം: പോലീസിനും സര്‍ക്കാരിനുമെതിരേ പൊട്ടിത്തെറിച്ച് കോട്ടയത്ത് കൊല്ലപ്പെട്ട ഷാന്‍ബാബു (19) വിന്റെ അമ്മ. മകനെ ജോമോന്‍ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് കഴിഞ്ഞദിവസം രാത്രി തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നതായും എന്നാല്‍ മകന്റെ മൃതദേഹമാണ് ജോമോന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതെന്നും ഷാനിന്റെ അമ്മ പ്രതികരിച്ചു. എന്തിനാണ് ജോമോനെപ്പോലെയുള്ളവരെ ഇറക്കിവിടുന്നതെന്നും ഷാനിന്റെ അമ്മ കരഞ്ഞുകൊണ്ട് ചോദിച്ചു.
'മൂന്ന് പിള്ളേരെകൂടി അവന്‍ നടന്നുവരികയായിരുന്നു. രണ്ട് പിള്ളേരും ഓടിപ്പോയി, എന്റെ മോന്റെ കാലിന്റെ മുട്ട് മുറിഞ്ഞത് കൊണ്ട് അവന് ഓടാന്‍ പറ്റിയില്ല. അതാണ് അവന്‍ എന്റെ കുഞ്ഞിനെ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയത്. എന്റെ കുഞ്ഞിന്റെ ജഡം കൊണ്ടുവന്ന് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുകൊടുത്തിരിക്കുകയാണ്.
പോലീസുകാര്‍ എന്ത് നോക്കിനില്‍ക്കുകയായിരുന്ന്, എന്റെ കുഞ്ഞിനെ ഇങ്ങനെ കൊണ്ടുചെല്ലാന്‍. ഞാന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി പരാതിപ്പെട്ടതാ രാത്രിയില്‍. എന്റെ മോനെ കണ്ടില്ല, ജോമോന്‍ എന്നൊരുത്തന്‍ എന്തോ പറഞ്ഞ് അവനെ കൂട്ടിക്കൊണ്ടുപോയെന്ന്. പോലീസുകാര് നോക്കിക്കൊള്ളാം നോക്കിക്കൊള്ളാം എന്നുപറഞ്ഞു. ഞാനവരോട് നൂറുവട്ടം ചോദിച്ചു, എന്റെ കുഞ്ഞിന് എന്തെങ്കിലും ആപത്തുണ്ടോയെന്ന്. ഇല്ല, ചേച്ചി ധൈര്യമായിരിക്ക്, നേരം വെളുക്കുമ്പോള്‍ മോനെ ഞങ്ങള്‍ പിടിച്ചുകൊണ്ടുതരുമെന്ന് അവര്‍ പറഞ്ഞു. രാത്രി രണ്ടുമണിയായപ്പോള്‍ അവന്‍ എന്റെ കുഞ്ഞിനെ കൊന്ന് പോലീസ് സ്‌റ്റേഷന്റെ വാതില്‍ക്കല്‍ കൊണ്ടുകൊടുത്തിരിക്കുകയാണ്. എന്റെ കുഞ്ഞിനെ എങ്ങനെ ദ്രോഹിക്കാന്‍ തോന്നും. ഇവന്‍ എത്രയോ പേരെ ഇങ്ങനെ വെറുതെ കൊല്ലുന്നു. എന്തിനാ ഇവനെയൊക്കെ ഇങ്ങനെ വെറുതെവിടുന്നേ. ഈ ഗവണ്‍മെന്റ് എന്തിനാണ് ഇവനെയൊക്കെ വെറുതെവിടുന്നത്. ഒരമ്മയല്ലേ ഞാന്‍, എനിക്കൊരു മോനല്ലേ, എന്നോട് എന്തിനിത് ചെയ്തു. എന്തിനാണ് ഈ കാലന്മാരെയൊക്കെ ഗവണ്‍മെന്റ് ഇറക്കിവിടുന്നത്. എന്റെ പൊന്നുമോനെ എനിക്ക് തിരിച്ചുതരുമോ'- ഷാനിന്റെ അമ്മ പറഞ്ഞു.
അതിനിടെ, കൊല്ലപ്പെട്ട ഷാന്‍ബാബുവിന്റെ പശ്ചാത്തലം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരേ കോട്ടയത്തെ സ്‌റ്റേഷനുകളില്‍ കേസുകളൊന്നുമില്ല. ഷാനിനെ കൊലപ്പെടുത്തിയ ജോമോന്‍ നിരവധി ക്രിമിനല്‍കേസുകളില്‍ പ്രതിയാണ്. ഇയാളെ നേരത്തെ കാപ്പാ ചുമത്തി നാടുകടത്തിയിരുന്നു. പിന്നീട് കാപ്പാ കേസില്‍ അപ്പീല്‍ നല്‍കിയാണ് ഇയാള്‍ കോട്ടയത്ത് തിരിച്ചെത്തിയതെന്നും പോലീസ് പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജോമോന്‍ വിമലഗിരി സ്വദേശിയായ ഷാന്‍ബാബുവിനെ തല്ലിക്കൊന്ന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലെത്തിയത്. ഷാനിനെ കൊലപ്പെടുത്തിയതായി ഇയാള്‍ പോലീസുകാരോട് വിളിച്ചുപറയുകയായിരുന്നു. പിന്നാലെ പോലീസെത്തി ജോമോനെ പിടികൂടുകയും ചെയ്തു. കഴിഞ്ഞദിവസം രാത്രി ഒമ്പതരയോടെയാണ് ഷാനിനെ ജോമോന്‍ ഓട്ടോയിലെത്തി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഷാനിന്റെ ശരീരത്തില്‍ ഇരുമ്പ് വടി കൊണ്ട് മര്‍ദനമേറ്റതിന്റെ നിരവധി പാടുകളുമുണ്ട്.
കാപ്പാ ചുമത്തി പുറത്താക്കിയതോടെ ജോമോന് കോട്ടയത്തെ ഗുണ്ടാസംഘങ്ങള്‍ക്കിടയില്‍ പ്രാധാന്യം ഇല്ലാതായെന്നാണ് പോലീസ് പറയുന്നത്. കോട്ടയത്ത് തിരിച്ചെത്തിയിട്ടും സുഹൃത്തുക്കളാരും ഇയാളുമായി സഹകരിക്കുകയും ചെയ്തില്ല. അതിനാല്‍ തന്റെ മേധാവിത്വം ഉറപ്പാക്കാന്‍ എതിരാളി സംഘത്തില്‍പ്പെട്ടവരെ ലക്ഷ്യമിടുകയായിരുന്നു. കൊല്ലപ്പെട്ട ഷാന്‍ബാബു മറ്റൊരു ഗുണ്ടയായ സൂര്യന്റെ സുഹൃത്താണ്. ജോമോനും സൂര്യനും കോട്ടയത്ത് ഗുണ്ടാസംഘങ്ങളുണ്ട്. സൂര്യന്‍ എവിടെയുണ്ടെന്നറിയാനാണ് ഷാനിനെ പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദിച്ചു. യുവാവിനെ കൊല്ലണമെന്ന് ഉദ്ദേശിച്ചിരുന്നില്ലെന്നാണ് ജോമോന്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും ഇയാള്‍ മൊഴി നല്‍കിയിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?