സംസ്ഥാനത്ത് സ്‌കൂളുകളിലെ വാക്സിനേഷന് ഇന്ന് തുടക്കം

  • 18/01/2022

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ കൊവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കം. പരമാവധി കുട്ടികളിലേക്ക് കൊവിഡ് വാക്സിനേഷൻ എത്തിക്കുകയാണ് ലക്ഷ്യം. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരിക്കും വാക്‌സിൻ നൽകുക. അധ്യാപകരുമായി ബന്ധപ്പെട്ടാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. ആധാറോ സ്‌കൂൾ ഐഡി കാർഡോ വാക്സിനെടുക്കാനായി കരുതണം. സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയ്ക്കുള്ള 55 ശതമാനം പേർക്കും വാക്സീൻ നൽകിയിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകുന്നേരം 3 മണിവരെയായിരിക്കും സ്‌കൂളുകളിലെ വാക്‌സിനേഷൻ സമയം.

വിദ്യാഭ്യാസ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത നേതൃത്വത്തിലാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്. 500ൽ കൂടുതൽ ഗുണഭോക്താക്കളുള്ള സ്‌കൂളുകളെ സെഷൻ സൈറ്റുകളായി തെരഞ്ഞെടുത്താണ് വാക്‌സിനേഷൻ. 

സ്‌കൂളുകളിൽ തയ്യാറാക്കിയ വാക്‌സിനേഷൻ സെഷനുകൾ അടുത്തുള്ള സർക്കാർ കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. ഇന്ന് പൊതു പ്രതിരോധകുത്തിവെപ്പ് ദിനമായതിനാൽ പകുതിയോളം സെഷനുകളിൽ മാത്രമേ കൊവിഡ് വാക്സിൻ നൽകൂ.

Related News