സിപിഎം സമ്മേളനങ്ങൾ നിയന്ത്രണങ്ങൾ പാലിച്ച്, കളക്ടർമാരുടെ അനുമതിയുണ്ട്: കോടിയേരി

  • 19/01/2022

തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് സിപിഎം സമ്മേളനങ്ങൾ നടന്നുവരുന്നതെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കളക്ടർമാരുടെ അനുവാദത്തോടുകൂടിയാണ് ഹാളുകളിൽ പരിപാടി നടത്തുന്നതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമ്മേളനം ആകുമ്പോഴേക്കും സ്ഥിതി മാറുമെന്നാണ് തങ്ങൾ പ്രതീക്ഷിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേർത്തു. 

സമ്മേളനത്തോടനുബന്ധിച്ച  പല പരിപാടികളും വേണ്ടെന്ന് വെച്ചു. പൊതുസ്ഥലങ്ങളിൽ സമ്മേളന പരിപാടികളൊന്നുമില്ലെന്നും കോടിയേരി കൂട്ടിച്ചേർത്തു. കോൺഗ്രസ് നേതൃത്വത്തിൽ ന്യൂനപക്ഷങ്ങളില്ല എന്ന തന്റെ മുൻപത്തെ പ്രസ്താവനയും കോടിയേരി ആവർത്തിച്ചു. താൻ പറഞ്ഞത് ഒരു യാഥാർത്ഥ്യമാണ്. കോൺഗ്രസുകാർ തന്നെ അത് തുറന്ന് പറഞ്ഞിട്ടുണ്ട്. ഹിന്ദുനാമധാരികൾ മത്സരിക്കുന്ന സ്ഥലത്ത് തന്നെ പ്രസംഗിക്കാൻ വിളിക്കാറില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞിട്ടുണ്ട്. 

ഗുജറാത്തിൽ പത്ത് ശതമാനം മുസ്ലിങ്ങളുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മുസ്ലിം പേരുള്ള ഒരാളെ പോലും കോൺഗ്രസ് മത്സരിപ്പിച്ചിട്ടില്ല. ന്യൂനപക്ഷങ്ങൾ കോൺഗ്രസിൽ നിന്ന് അകന്നുകൊണ്ടിരിക്കുകയാണ്. നേരത്തെ ന്യൂനപക്ഷങ്ങൾക്ക് വലിയ പരിഗണന കോൺഗ്രസ് നൽകിയിരുന്നു. അതിൽനിന്ന് ഒരു അകൽച്ച വന്നിരിക്കുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

Related News