'മാക്‌സിയിട്ട കള്ളനെ' ഒന്നര കിലോമീറ്റര്‍ ഓടിച്ചിട്ട് പൊക്കി എസ്‌ഐ; സിനിമയെ വെല്ലുന്ന 'ട്വിസ്റ്റ്'

  • 20/01/2022

കോട്ടയം: കോട്ടയത്ത് പ്രായമായ ദമ്പതികള്‍ താമസിക്കുന്ന വീട്ടില്‍ മോഷണത്തിനെത്തിയയാളെ ഒന്നര കിലോമീറ്ററോളം ഓടിച്ചിട്ട് പിടിച്ച് എസ് ഐ. ആലപ്പുഴയിലെ സ്വദേശി ബോബിന്‍സ് ജോണ്‍ (32) ആണ് പിടിയിലായത്. സ്റ്റേഷന്‍ പരിധി പോലും നോക്കാതെയാണ് തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷന്‍  എസ് ഐ വി എം ജയ്‌മോന്‍ പ്രതിയുടെ പിന്നാലെ ഓടി പിടികൂടിയത്. 

വെള്ളൂര്‍ കീഴൂര്‍ ഭാഗത്ത് താമസിക്കുന്ന വിമുക്തഭടനായ മേച്ചിരില്‍ മാത്യുവിന്റെ വീട്ടിന് മുകളിലാണ് കള്ളന്‍ കയറിയത്. പാലായിലെ വീട്ടിലിരുന്ന് മൊബൈലില്‍ സിനിമ കാണുന്നതിനിടെ മാത്യുവിന്റെ മകള്‍ സോണിയ തല്‍സമയ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതാണ് സംഭവത്തില്‍ നിര്‍ണായകമായത്. സോണിയ അപ്പോള്‍ തന്നെ തലയോലപ്പറമ്പ് എസ്‌ഐയെ വിളിച്ചുപറഞ്ഞു. തന്റെ സ്റ്റേഷന്‍ പരിധിയില്‍ അല്ലായിരുന്നിട്ടും എസ്‌ഐ ജയ്‌മോന്‍ സ്ഥലത്തേയ്ക്ക് പോയി. ഒപ്പം വെള്ളൂര്‍ സ്റ്റേഷനിലും വിവരം അറിയിച്ചു. ഇതോടെ രണ്ട് പൊലീസ് സംഘങ്ങളും ചേര്‍ന്ന് വീട് വളയുകയായിരുന്നു. പൊലീസ് സാന്നിധ്യം അറിഞ്ഞ് ടെറസില്‍ ഒളിച്ചിരുന്ന മാക്‌സിയിട്ട കള്ളന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് എസ് ഐയും സംഘവും ഓടിച്ചിട്ട് പിടികൂടിയത്. 

റോഡിലൂടെയും റബര്‍ തോട്ടത്തിലൂടെയും പാടവരമ്പിലൂടെയുമെല്ലാം ഓടിയ മോഷ്ടാവിനെ പൊലീസ് സംഘം കുറ്റിക്കാട്ടിലിട്ട് പിടികൂടി വെള്ളൂര്‍ പൊലീസിനു കൈമാറി. പ്രതിയെ കോടതിയില്‍ ഹാജരാക്കിയതായി വെള്ളൂര്‍ എസ്എച്ച്ഒ എ പ്രസാദ് അറിയിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കീഴൂരില്‍ താമസിച്ചിരുന്ന ആളാണ് കള്ളന്‍ റോബിന്‍സണ്‍. സ്ഥലത്തെ കുറിച്ചും ആളുകളെ കുറിച്ചും നന്നായി അറിയാവുന്നത് കൊണ്ടാണ് മാത്യുവിന്റെ വീട് തെരഞ്ഞെടുത്തത്.

Related News