ഞായറാഴ്ച ലോക്ഡൗൺ; അഞ്ച് ജില്ലകളിൽ പൊതുപരിപാടികൾക്ക് വിലക്ക്

  • 20/01/2022

തിരുവനന്തപുരം: കോവിഡ് അതിവ്യാപനം കണക്കിലെടുത്ത് ജനുവരി 23, 30 തീയതികളിൽ ലോക്ഡൗൺ ഏർപ്പെടുത്തും. അവശ്യസർവീസുകൾക്കുമാത്രമാകും അനുമതി. ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിന്റെയടിസ്ഥാനത്തിൽ ജില്ലകളെ എ, ബി, സി. എന്നു തരംതിരിച്ചായിരിക്കും നിയന്ത്രണം. 10, 11, 12 ക്ലാസുകളും കോളേജ് ക്ലാസുകളും പ്രവർത്തിക്കും. ഈ കാറ്റഗറിയിൽ പെടാത്ത ജില്ലകളിൽ കോവിഡ് നിയന്ത്രണങ്ങൾ പതിവുപോലെ തുടരും.

സ്‌പെഷൽ സ്‌കൂളുകളിൽ ക്ലസ്റ്റർ രൂപപ്പെട്ടാൽമാത്രം അടയ്ക്കും. സെക്രട്ടേറിയറ്റിൽ കോവിഡ് വാർ റൂം പ്രവർത്തിക്കും. ജില്ലകളിൽ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങൾക്കനുസൃതമായി നിയന്ത്രണങ്ങൾ വരുത്താൻ ജില്ലാ കളക്ടർമാർക്ക് അധികാരം നൽകി.

Related News