തല ചുമരോടു ചേര്‍ത്തിടിച്ചു, കട്ടിലിലേക്ക് വീണ കുട്ടിയെ ചുറ്റിക കൊണ്ട് അടിച്ചു; പതിനാലുകാരിയുടെ കൊലപാതകത്തില്‍ ഞെട്ടിക്കുന്ന വിശദാംശങ്ങള്‍ പുറത്ത്

  • 21/01/2022

കോവളം: മുട്ടയ്ക്കാട് ചിറയില്‍ പതിനാലുകാരി തലയ്ക്കടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്. സംഭവത്തില്‍ കോവളം പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുല്ലൂരില്‍ വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ വിഴിഞ്ഞം ടൗണ്‍ഷിപ്പ് സ്വദേശി റഫീക്കാ ബീവി(50), മകന്‍ ഷഫീക്ക്(23), റഫീക്കയുടെ ആണ്‍സുഹൃത്തും പാലക്കാട് സ്വദേശിയുമായ അല്‍അമീന്‍(26) എന്നിവര്‍ക്കെതിരേയാണ് കോവളം പോലീസ് കേസെടുത്തത്.

കുട്ടിയെ തലയ്ക്കടിച്ചു കൊന്നുവെന്ന് റഫീക്കയും ഷഫീക്കും ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. ഇവരുടെ കുറ്റസമ്മത മൊഴി വിഴിഞ്ഞം പോലീസ് കോവളം പോലീസിന് കൈമാറി. കുട്ടി പീഡനത്തിനിരയായിരുന്നു. പ്രതികള്‍ക്കെതിരേ പോക്‌സോ കേസാണെടുത്തിട്ടുള്ളത്. വിവരം മറച്ചുവെച്ചതിനാണ് അല്‍ അമീനെതിരേ കേസെടുത്തത്. 

കഴിഞ്ഞ വര്‍ഷമാണ് റഫീഖയും മകൻ ഷെഫീഖും ചേർന്ന് അയൽവാസിയായ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കോവളം സ്റ്റേഷൻ പരിധിയിൽ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോള്‍ ഷെഫീക്ക് അയൽവാസിയായ പെണ്‍കുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെണ്‍കുട്ടിയെ ഷെഫീക്ക് പീഡിപ്പിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേർന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. 

സംഭവദിവസം രക്ഷിതാക്കളില്ലാത്ത സമയത്ത് വീട്ടിലേക്ക് വന്ന ഷഫീക്ക് കുട്ടിയുമായി ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമായി. തന്നെ പീഡിപ്പിച്ച കാര്യം അമ്മയോടു പറയുമെന്ന് കുട്ടി അറിയിച്ചു. ഈ സമയത്ത് മുറിയിലേക്ക് കയറിവന്ന റഫീക്കയും ഇക്കാര്യം കേട്ട് കുട്ടിയുമായി വഴക്കുണ്ടാക്കി. റഫീക്ക കുട്ടിയുടെ തല പിടിച്ച് ചുമരോടു ചേര്‍ത്തിടിച്ചെന്നും കട്ടിലിലേക്കു വീണ കുട്ടിയെ പിന്നാലെയെത്തിയ ഷഫീക്ക് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചുവെന്നാണ് പ്രതികളുടെ കുറ്റസമ്മതം. കുട്ടിയെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

വിഴിഞ്ഞം മുല്ലൂർ കലുങ്ക് നട സ്വദേശിനി ശാന്തകുമാരി (75)യെയാണ് അയൽവാസിയുടെ വീട്ടിലെ മച്ചിന് മുകളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിലെ അന്വേഷണമാണ് പതിനാലുകാരിയുടെ മരണത്തിലും വഴിത്തിരിവായത്. വയോധിക കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് പ്രതികളെയും വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്. തെളിവെടുപ്പ് അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇവരെ തിരികെ കോടതിയില്‍ ഹാജരാക്കും. ശേഷം കുട്ടിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ കോവളം പോലീസ് ഈ മൂന്ന് പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.

Related News