10, 12 പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

  • 21/01/2022

തിരുവനന്തപുരം: വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിൻറെ വിശ്വാസ്യത ചോദ്യം ചെയ്യാപ്പെടാമെന്നാണ് വിദ്യാഭ്യാസവകുപ്പിൻറെ വിശദീകരണം. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും കൂടുതൽ ചോദ്യങ്ങൾ ഉണ്ടാകുമെന്ന് സർക്കാർ നേരത്തെ അറിയിക്കേണ്ടിയിരുന്നുവെന്ന് പ്രതിപക്ഷനേതാവ് പറയുന്നു. 

കൊവിഡ് മൂലം കൃത്യമായി ക്ലാസ് നടക്കാതിരിക്കുമ്പോഴും ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യങ്ങൾ കുറച്ചതാണ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇടയിൽ ആശങ്ക ഉണ്ടാക്കുന്നത്. കഴിഞ്ഞ തവണ 80 ശതമാനം ചോദ്യങ്ങളും ഫോക്കസ് ഏരിയയിൽ നിന്നായിരുന്നു. ഇത്തവണ ഇത് 70 ശതമാനം മാത്രമായിരിക്കേ എ ഗ്രേഡും എ പ്ലസ് ഗ്രേഡും കിട്ടണമെങ്കിൽ പാഠപുസ്തകം മുഴുവൻ പഠിക്കേണ്ട സാഹചര്യമാണ്. 

ഇത് മാറ്റണമെന്ന ആവശ്യം ഉയരുമ്പോഴാണ് ചോദ്യഘടനയെ വിദ്യാഭ്യസവകുപ്പ് ന്യായീകരിക്കുന്നത്. കഴിഞ്ഞ തവണ തന്നെ വാരിക്കോരി മാർക്കിട്ടു എന്നാണ് ആക്ഷേപം ഉയർന്നത്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ വന്ന് ഉയർന്ന ഗ്രേഡുകൾ കിട്ടുന്നവരുടെ എണ്ണം കൂടുന്നത് കേരളത്തിലെ പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുമെന്ന് ഹയർസെക്കൻററി അക്കാദമിക് ജോയിൻറ് ഡയറക്ടർ ആർ സുരേഷ് കുമാർ ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. 

Related News