ഉമർ ഹാജിയെ ഫഹാഹീൽ ഐ.സി.എഫ് ആദരിച്ചു

  • 22/05/2022


ഫഹാഹീൽ : നീണ്ട നാല് പതിറ്റാണ്ട് കാലമായി കുവൈത്ത് ഔഖാഫിന് കീഴിലായ് പള്ളികളിൽ മുഅദ്ദിനായി സേവനം ചെയ്ത്, സേവനം മതിയാക്കി നാട്ടിലേക്ക് പോകുന്ന പി.കെ.ഉമർ മുസ്ലിയാർ എന്ന ഉമ്മർ ഹാജിയെ ഐ.സി.എഫ് ഫഹാഹീൽ സെന്ട്രൽ കമ്മറ്റി ആദരിച്ചു.

നാൽപത്ത് വർഷത്തിനിടയിൽ റുമൈത്തിയ, ഫിർദൗസ്, ദസ്മ, ഖുസൂർ, മുബാറക് അൽ കബീർ, അൽ ഖുറൈൻ, മംഗഫ്, ഫഹാഹീൽ, ബയാൻ തുടങ്ങിയ പ്രദേശങ്ങളിലെ വിവിധ പള്ളികളിൽ ഇദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി മംഗഫ് ബ്ളോക് നാലിൽ ഉള്ള അബ്ദുള്ള അജിയാൽ മസ്ജിദിലാണ് സേവനം ചെയ്യുന്നത്. 

സ്വദേശികൾ അടക്കമുള്ള അറബ് വംശജരുടെ പ്രിയപ്പെട്ട ശൈഖ് ഉമർ മലയാളികൾക്കിടയിൽ ഉമർ ഹാജി എന്നാണ് അറിയപ്പെടുന്നത്. നീണ്ട പ്രവാസ ജീവിതത്തിനിടയിൽ നന്മയാർന്ന അനുഭവങ്ങൾ മാത്രമാണ് കുവൈത്തിനെ കുറിച്ചും ഇവിടത്തെ സ്വദേശികളും വിദേശികളുമായ നിവാസികളെ കുറിച്ചും അദ്ദേഹത്തിന് പറയാനുള്ളത്. ഇറാഖ് അധിനിവേശ കാലത്തും അദ്ദേഹം കുവൈത്തിൽ സേവനം ചെയ്തിരുന്നു. 

കാന്തപുരം ഏ.പി.അബൂബക്കർ മുസ്ലിയാർ അടക്കം പങ്കെടുത്ത ചെറുതും വലുതുമായ ഐ.സി.എഫ് വേദികളിലെ നിറ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്ത ചപ്പാരപ്പടവ് പഞ്ചായത്തിലെ ശാന്തിഗിരി സ്വദേശിയാണ് ഉമർ ഹാജി. വി.യു.ജമീല എന്നവരാണ് ഭാര്യ. ഐ.സി.എഫ് ഫഹാഹീൽ സെന്ട്രൽ ഫിനാൻസ് സെക്രട്ടറി ഹാരിസ്, യഹിയ, മുഹമ്മദലി, ബുഷ്റ, സുഹറ എന്നിവർ മക്കളാണ്.

മംഗഫിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന ആദരിക്കൽ ചടങ്ങിൽ ഐ.സി.എഫ് നാഷണൽ ഉപാദ്ധ്യക്ഷൻ സയ്യിദ് സൈദലവി സഖാഫി തങ്ങൾ, ഫിനാൻസ് സെക്രട്ടറി ശുകൂർ മൗലവി കൈപ്പുറം എന്നിവർ ചേർന്ന് ഷാൽ അണിയിച്ചു. ശംസുദ്ദീൻ കാമിൽ സഖാഫി, സയ്യിദ് സ്വാദിഖ് തങ്ങൾ, അബ്ദുൽ ലത്തീഫ് തോന്നിക്കര, നവാസ് ശംസുദ്ദീൻ, അബ്ദുൽ നാസർ ലത്തീഫി, അബൂബക്കർ സിദ്ദീഖ്, സ്വാദിഖ് മാസ്റ്റർ, സലീം ബുഖാരി, അബ്ദുൽ ഗഫൂർ ഹാജി തുടങ്ങിയവർ സംബന്ധിച്ചു.

Related News