കുവൈത്ത് വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വൻ കുതിപ്പ്; 15 ശതമാനം വർധന

  • 28/08/2023


കുവൈത്ത് സിറ്റി: വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 5.75 മില്യണില്‍ എത്തുമെന്ന് പ്രതീക്ഷ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 13 ശതമാനം വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ സീസണിൽ 45,000 വിമാനങ്ങൾ സർവീസ് നടത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം വർധനയാണ് വന്നതെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടര്‍ ഓഫ് ട്രാൻസ്പോര്‍ട്ടേഷൻ അബ്‍ദുള്ള അല്‍ രാജ്ഹി പറഞ്ഞു. 

ദുബായ്, ഇസ്താംബുൾ, കെയ്‌റോ, ദോഹ, അബുദാബി, ജിദ്ദ, റിയാദ്, ബഹ്‌റൈൻ, അമ്മാൻ, സൊഹാഗ് എന്നിവിടങ്ങളിലേക്കാണ് വേനൽക്കാലത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഏറ്റവും യാത്രക്കാര്‍ പോയത്. കുവൈത്ത് എയര്‍വേയ്സ് തന്നെയാണ് ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തിയത്. അതേസമയം, ഈ വർഷം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ എണ്ണം 15.5 മില്യണില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഇത് 12.4 മില്യണ്‍ യാത്രക്കാരായിരുന്നു.

Related News