കുവൈത്തിലെ റോഡ് അറ്റക്കുറ്റപണി പ്ലാൻ വൈകുന്നു; അവസ്ഥ പരിതാപകരം

  • 03/09/2023


കുവൈത്ത് സിറ്റി: രാജ്യത്തെ റോഡ് അറ്റക്കുറ്റപണി പ്ലാൻ വൈകുന്നു. ബിഡ് സമർപ്പിച്ച അന്താരാഷ്ട്ര കമ്പനികളുമായി ഭാവിയിലേക്കുള്ള കരാറുകളൊന്നും ഉണ്ടാക്കിയിട്ടില്ല. ശൈത്യകാലം വരാൻ പോകുന്ന ഘട്ടത്തിൽ പദ്ധതിയുടെ പരാജയം വലിയ പ്രതിസന്ധികൾക്കാണ് കാരണമായിട്ടുള്ളത്. പ്രധാന, ഉൾ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. റോഡുകളുടെ അറ്റകുറ്റപ്പണികൾക്കായി നേരത്തെ ധനമന്ത്രാലയം ഏകദേശം കാൽ ബില്യൺ ദിനാർ (240 മില്യൺ ദിനാർ) ബജറ്റിൽ വകയിരുത്തിയിരുന്നു.

എന്നാൽ, കടലാസിൽ അല്ലാതെ ഈ പദ്ധതികൾ ഒന്നും ന‌ടപ്പായിട്ടില്ല. പൊതുമരാമത്ത് മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട കക്ഷികളും അവരുടെ വാഗ്ദാനങ്ങളും പദ്ധതികളും നിറവേറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. 2023 ജൂലൈ പകുതിയോടെ റോഡ് അറ്റക്കുറ്റപണികളു‌ടെ ജോലികൾ ആരംഭിക്കുമെന്ന് സർക്കാർ കമ്മ്യൂണിക്കേഷൻ സെന്റർ 2023 ഏപ്രിൽ 20 ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അവയൊന്നും ഇതുവരെ തുടങ്ങിയിട്ടില്ല. റോഡ് മെയിന്റനൻസ് പ്ലാൻ സ്തംഭിച്ച അവസ്ഥയിലാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി.

Related News