അയല്‍രാജ്യങ്ങളിലേക്കുള്ള കോവിഡ് വാക്‌സിന്‍ കയറ്റുമതി; ഇന്ത്യയ്ക്കും പ്രധാനമന്ത്രിക്കും നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന

  • 24/01/2021



ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന. കോവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യ നല്‍കുന്ന പിന്തുണയ്ക്കാണ് ലോകാരോഗ്യസംഘടന നന്ദി അറിയിച്ചത്. കോവിഡ് വാക്സിന്‍ മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യസംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയത്.

'നന്ദി ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ നിങ്ങളുടെ തുടര്‍ച്ചയായ പിന്തുണയ്ക്ക്. ഒന്നിച്ചുനിന്ന് അറിവുകള്‍ പങ്കുവയ്ക്കുകയാണെങ്കില്‍ മാത്രമേ ഈ വൈറസിനെ നമുക്ക് തടുക്കാനാവൂ. ജീവിതവും ജീവനുകളും രക്ഷിക്കാനാവൂ.' ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥനോം ഗെബ്രിയേസസ് ട്വീറ്റ് ചെയ്തു.

അയല്‍രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയില്‍ നിന്ന് കോവിഡ് വാക്സിന്‍ കയറ്റി അയക്കുന്നുണ്ട്. കോവിഡ് വാക്സിന്‍ വിതരണം ചെയ്യാന്‍ സന്നദ്ധത അറിയിച്ച ഇന്ത്യയ്ക്ക് ബ്രസീല്‍ പ്രധാനമന്ത്രി ബൊല്‍സൊനാരോ നേരത്തെ നന്ദി അറിയിച്ചിരുന്നു. അയല്‍രാജ്യങ്ങളിലേക്ക് അടക്കം വാക്സിന്‍ കയറ്റി അയക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ അമേരിക്കയും അഭിനന്ദിച്ചു.

അതേസമയം, ജനുവരി 16 ശനിയാഴ്ചയാണ് രാജ്യത്ത് കോവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കോവിഡ് വാക്സിന്‍ വിതരണം ഉദ്ഘാടനം ചെയ്തത്. കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രി ആദരം അര്‍പ്പിച്ചു. സ്വന്തം കുടുംബങ്ങളെ പോലും അവഗണിച്ചാണ് ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ അണിനിരന്നതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു.

Related News